ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ യുവതി മരിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ഐടി ജീവനക്കാരിയായ ശർമിള(34)ആണ് മരിച്ചത്. ശർമിള താമസിച്ചിരുന്ന ഫ്ലാറ്റിലെ മറ്റൊരു മുറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട വീട്ടുടമ വിജയേന്ദ്രൻ ഉടൻ തന്നെ പൊലിസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു. ബംഗളൂരു സുബ്രഹ്മണ്യ ലേ ഔട്ടിലുള്ള വാടക വീടിന്റെ മുകളിലത്തെ നിലയിൽനിന്ന് രാത്രി 10:30-ഓടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേന തീ അണച്ച ശേഷം നടത്തിയ പരിശോധനയിൽ ശർമിളയെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. പെട്ടെന്നുതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുറിയിൽ പുക നിറഞ്ഞതോടെ ശർമിളയ്ക്ക് പുറത്തിറങ്ങാൻ കഴിയാതിരുന്നതാണ് മരണകാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ജോലിയുടെ ഭാഗമായി ഒരു വർഷം മുൻപാണ് ശർമിള ബംഗളൂരുവിലേക്ക് താമസം മാറിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.