സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് പൂർണമായും ഇല്ലാതാക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെയാണ് റാഗിംഗ് വിരുദ്ധ നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
റാഗിംഗിന് ഇരയായി മരിച്ച സിദ്ധാർഥിൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ പേരിൽ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും സർക്കാർ പുറത്തിറക്കും. വിദ്യാർഥികൾക്ക് ഈ ആപ്പ് വഴി നേരിട്ട് റാഗിംഗ് പരാതികൾ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന തരത്തിലായിരിക്കും സംവിധാനം ഒരുക്കുക.
ലഭിക്കുന്ന പരാതികളിൽ അതിവേഗ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് സംഭവങ്ങൾ തടയാൻ നിരീക്ഷണ സംവിധാനങ്ങളും പരാതിപരിഹാര സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുമെന്നും അറിയിച്ചു.
കാമ്പസുകളിൽ റാഗിംഗിന് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും, വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമപരവും ഭരണപരവുമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.