എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. വിഷയത്തിൽ ഇടപെടാൻ നിയമപരമായ സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, ഹർജിയിൽ തുടർനടപടികൾ വേണ്ടെന്ന് വിധിച്ചു.
വെള്ളാപ്പള്ളി നടേശനെതിരെ ചില കേസുകൾ നിലനിൽക്കുന്നുണ്ടെന്ന കാരണത്താൽ മാത്രം അദ്ദേഹത്തെ കുറ്റക്കാരനായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസുകളിൽ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്നും, ചില കേസുകളിൽ സുപ്രീം കോടതിയുടെ സ്റ്റേ നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണ പൂർത്തിയാകുന്നതുവരെ ഒരാളെ കുറ്റക്കാരനായി പ്രഖ്യാപിക്കാനാകില്ലെന്ന നിയമതത്വവും കോടതി ആവർത്തിച്ചു.
അതേസമയം, ഭാവിയിൽ നിയമപരമായി കുറ്റം തെളിയുകയോ അത്തരം സാഹചര്യം ഉണ്ടാകുകയോ ചെയ്താൽ പത്മ പുരസ്കാരം റദ്ദാക്കാനുള്ള ഭരണഘടനാപരമായ അധികാരം രാഷ്ട്രപതിക്കുണ്ടെന്നും കോടതി വ്യക്തമാക്കി. അത്തരം വിഷയങ്ങൾ സർക്കാരിൻ്റെയും രാഷ്ട്രപതിയുടെയും അധികാരപരിധിയിൽപ്പെടുന്നതായതിനാൽ കോടതിയുടെ ഇടപെടൽ പരിമിതമാണെന്നും ഉത്തരവിൽ പറയുന്നു.