ബെംഗളൂരു ആസ്ഥാനമായ ആർട്ട് ഓഫ് ലിവിംഗ് സ്ഥാപനത്തിനെതിരായ സർക്കാർ ഭൂമി കയ്യേറ്റ ആരോപണങ്ങൾ അന്വേഷിക്കാൻ കർണാടക സർക്കാർ 11 അംഗ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു. ബെംഗളൂരു റീജിയണൽ കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. കർണാടക ലാൻഡ് റവന്യൂ ആക്ട്, കർണാടക ലാൻഡ് ഗ്രാബ്ബിംഗ് പ്രൊഹിബിഷൻ ആക്ട് എന്നിവ പ്രകാരമാണ് റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചത്.

ബെംഗളൂരു സൗത്ത് താലൂക്കിലെ ഉത്തരഹള്ളി ഹോബ്ലിയിലെ കഗ്ഗലിപുര, ബി.എം. കാവൽ, അഗര ഗ്രാമങ്ങളിലെ സർക്കാർ ഭൂമി ആർട്ട് ഓഫ് ലിവിംഗ് കൈയേറിയെന്നാണ് പ്രധാന പരാതി. എസ്.സി-എസ്.ടി വിഭാഗങ്ങൾക്ക് അനുവദിച്ചിരുന്ന ഏകദേശം 150 ഏക്കർ ഭൂമിയും കൈയേറിയെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്.

ആർട്ട് ഓഫ് ലിവിംഗിൻ്റെ കൈവശമുള്ളതായി പറയുന്ന 290 ഏക്കറിലധികം ഭൂമിയുടെ രേഖകൾ, ഭൂമിയനുവദിച്ച രേഖകളുടെ ആധികാരികത, യഥാർത്ഥ ഉടമസ്ഥാവകാശം, വ്യാജരേഖകൾ, ഭൂമി ഇടപാടുകൾ, കോടതിക്കേസുകൾ, ഉപഗ്രഹ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിസ്ഥിതി നാശം, പൊതുഭൂമികളും ജലാശയങ്ങളും ഉൾപ്പെടെ സമഗ്രമായി പരിശോധിക്കാനാണ് എസ്.ഐ.ടിക്ക് ചുമതല നൽകിയിരിക്കുന്നത്. കൈയേറ്റം സ്ഥിരീകരിക്കുകയാണെങ്കിൽ നിയമ-ഭരണ നടപടികൾ ശുപാർശ ചെയ്യാനും സംഘത്തിന് നിർദേശമുണ്ട്.

മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിൻ്റെ നിർദേശം. കഗ്ഗലിപുരയിലെ സർവേ നമ്പർ 46 ഉൾപ്പെടെയുള്ള പ്രദേശങ്ങളുമായി ബന്ധപ്പെട്ട പരാതികളും അന്വേഷണം പരിഗണിക്കും. വേദ വിജ്ഞാന മഹാവിദ്യാപീഠം, സുമേരു ഗ്ലോബൽ സപ്പോർട്ട് സൊല്യൂഷൻസ്, സുമേരു റിയൽറ്റി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വ്യക്തികളുടെയും പങ്കും പരിശോധിക്കും.

2025 ഒക്ടോബറിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ലാൻഡ് റെക്കോർഡ്സ് നടത്തിയ സർവേയിൽ, ആർട്ട് ഓഫ് ലിവിംഗുമായി ബന്ധപ്പെട്ട ട്രസ്റ്റിമാരും മറ്റ് ചിലരും 290 ഏക്കറിലധികം സർക്കാർ ഭൂമി നേരിട്ടും പരോക്ഷമായും കൈവശപ്പെടുത്തിയതായി പ്രാഥമിക കണ്ടെത്തൽ ഉണ്ടായിരുന്നുവെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ഭൂമി അനുവദിച്ച ലക്ഷ്യത്തിന് വിരുദ്ധമായ ഉപയോഗം, സംശയാസ്പദമായ ലീസ് കരാറുകൾ, ഗിഫ്റ്റ് ഡീഡുകൾ, മറ്റ് ഭൂമി ഇടപാടുകൾ എന്നിവയും അന്വേഷണത്തിൻ്റെ പ്രധാന വിഷയങ്ങളായിരിക്കും.

Related Posts