നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
2025 ജനുവരി 27-ന് പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വീടിന് മുന്നിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഒന്നര വർഷത്തിന് ശേഷമുള്ള കോടതി വിധി.
ഇതിന് മുമ്പ് 2019-ൽ സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലും ചെന്താമരയാണ് പ്രതി. ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയും ആണെന്ന് വിശ്വസിച്ച ഇയാൾ സജിതയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആ കേസിൽ വിചാരണ നേരിട്ട് ജാമ്യത്തിലിറങ്ങിയ ശേഷമാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
സജിത വധക്കേസിൽ നേരത്തേ കോടതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇപ്പോൾ നെന്മാറ ഇരട്ടക്കൊലക്കേസിലും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും.