താരസംഘടനയായ ‘അമ്മ’യിൽ ഭരണച്ചുമതല ആർക്ക് എന്നതിൽ ഇന്ന് നിർണായക തീരുമാനം. അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡണ്ട് ശ്വേതാ മേനോൻ നൽകിയ ഹർജി എറണാകുളം മുൻസിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

നേരത്തെ കേസ് പരിഗണിച്ച കോടതി അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. സംഘടനയുടെ പ്രവർത്തനങ്ങൾ നടത്താൻ അഡ്‌ഹോക് കമ്മിറ്റിക്ക് നിയമപരമായ അധികാരമില്ലെന്നാണ് ശ്വേതാ മേനോൻ്റെ വാദം. ഹർജിയിൽ അഡ്‌ഹോക് കമ്മിറ്റി കൺവീനറായിരുന്ന രമേഷ് പിഷാരടിയും നടി അൻസിബ ഹസനും കക്ഷികളാണ്.

കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയതിനെ തുടർന്നാണ് രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. എന്നാൽ രേഖാമൂലം രാജിക്കത്ത് നൽകിയിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാതെ രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി ശ്വേത കോടതിയെ സമീപിക്കുകയായിരുന്നു.

‘അമ്മ’യുടെ ബൈലോ പ്രകാരം ഒരു ഭരണസമിതി മാത്രമേ ഉണ്ടായിരിക്കാവൂ. ജനറൽ ബോഡി തീരുമാനിച്ച നിലവിലെ സമിതിക്കാണ് അടുത്ത തിരഞ്ഞെടുപ്പ് വരെ അധികാരമെന്നും അഡ്‌ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്നുമാണ് ശ്വേതയുടെ വാദം.

കോടതിയുടെ താത്കാലിക വിലക്കിന് പിന്നാലെ കൺവീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചിരുന്നെങ്കിലും, അഡ്‌ഹോക് കമ്മിറ്റിയെ പിന്തുണയ്ക്കുന്ന അംഗങ്ങളുടെ ആവശ്യപ്രകാരം അദ്ദേഹം കേസിൽ കക്ഷിചേർന്നു.

എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷമാകും സംഘടനയുടെ ഭരണച്ചുമതല സംബന്ധിച്ച് എറണാകുളം മുൻസിഫ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിക്കുക. അതേസമയം, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടർന്നാണ് ശ്വേതാ മേനോൻ സ്ഥാനമൊഴിഞ്ഞത്. ശ്വേതയ്‌ക്കെതിരെ അൻസിബ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് അന്വേഷണം തുടരുകയാണ്.

Related Posts