കർണാടകയിലെ മുരുഡേശ്വർ റെയിൽവേ സ്റ്റേഷനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ച യുവാവിനെ ട്രാക്കിലേക്ക് വീഴുന്നതിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി കൊങ്കൺ റെയിൽവേ ജീവനക്കാരൻ.
കൊങ്കൺ റെയിൽവേയിലെ പോയിന്റ്സ്മാനായ ഗണപതി നായിക് ആണ് 22-കാരനായ യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ചത്. കൊച്ചുവേളിയിൽ നിന്ന് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ നിന്നാണ് യുവാവ് ഇറങ്ങാൻ ശ്രമിച്ചത്. ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട യുവാവ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവിലേക്ക് വീഴാൻ പോകുകയായിരുന്നു.
അപകടം കണ്ട് സമീപത്തുണ്ടായിരുന്ന ഗണപതി നായിക് നിമിഷനേരം കൊണ്ട് യുവാവിനെ പിടിച്ചുവലിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിൻ്റെ സമയോചിതമായ ഇടപെടലാണ് ഒരു ജീവൻ രക്ഷിച്ചത്.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഗണപതി നായിക്കിൻ്റെ ധീരതയും സമയസ്ഫൂർത്തിയും പ്രശംസിച്ച കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (KRCL), അദ്ദേഹത്തിന് 10,000 രൂപയുടെ ക്യാഷ് അവാർഡും പ്രഖ്യാപിച്ചു.