തൃശൂർ കുന്നംകുളത്ത് കുടുംബത്തിൻ്റെ ആത്മഹത്യാശ്രമത്തിൽ അച്ഛനും മകളും മരിച്ചു. പഴഞ്ഞി എംഡി കോളേജിന് സമീപം താമസിക്കുന്ന പ്രവാസിയായ സിബിയും മകൾ അലീനയുമാണ് മരിച്ചത്. ഭാര്യ ബീനയും മകൻ ആദിത്യനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഗൾഫിലെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് അടുത്തിടെയാണ് സിബി നാട്ടിലേക്ക് മടങ്ങിയെത്തിയത്. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇതാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

സംഭവത്തിനിടെ ഭയന്ന 17-കാരനായ മകൻ ആദിത്യൻ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ഥലത്തെത്തിയ പൊലീസ് സിബിയെ കിണറ്റിലും അലീനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുടുംബാംഗങ്ങൾ വിഷം കഴിച്ചതായും സംശയമുണ്ട്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം ഉൾപ്പെടെ സംഭവത്തിൻ്റെ എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്.

Related Posts