ഗർഭിണിയായ ഭാര്യയുടെ മരണവിവരം അറിഞ്ഞ് ഖത്തറിലെ ദോഹയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ സ്വദേശി പി.എസ്. സനുക്കുട്ടൻ (30) ആണ് മരിച്ചത്. രണ്ട് ദിവസം മുൻപ് മാവേലിക്കരയിലെ വീട്ടിൽ സനുക്കുട്ടൻ്റെ ഭാര്യ ഹരീഷ്ട (27) ആത്മഹത്യ ചെയ്തിരുന്നു. അവർ മൂന്ന് മാസം ഗർഭിണിയായിരുന്നു.

വിവാഹം കഴിഞ്ഞ് നാല് മാസം മാത്രമായിരുന്ന ദമ്പതികൾ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുകയായിരുന്നു. ഒരു മാസം മുൻപാണ് ജോലിക്കായി സനുക്കുട്ടൻ ദോഹയിലേക്ക് പോയത്. ഭാര്യയുടെ മരണവിവരം ലഭിച്ചതോടെ ഉടൻ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച അദ്ദേഹം ബെംഗളൂരു വഴി നെടുമ്പാശേരിയിലേക്കുള്ള കണക്ഷൻ വിമാനത്തിൽ യാത്ര തിരിച്ചു.

ബെംഗളൂരുവിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്ന് സനുക്കുട്ടൻ വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയതോടെ ബന്ധപ്പെടാനായില്ല. നെടുമ്പാശേരിയിൽ കാത്തുനിന്ന ബന്ധുക്കൾക്ക് അദ്ദേഹത്തെ കണ്ടെത്താനാകാതെ വന്നതോടെ ബെംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടു. അദ്ദേഹം ബെംഗളൂരുവിൽ എത്തിയതായി സ്ഥിരീകരിച്ചെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചില്ല.

തുടർന്ന് ബന്ധുക്കൾ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷൻ്റെയും പൊലീസിൻ്റെയും സഹായം തേടി. അന്വേഷണത്തിനൊടുവിൽ നഗരത്തിലെ ഒരു ലോഡ്ജിൽ സനുക്കുട്ടനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. സംഭവത്തിൽ ബെംഗളൂരു പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related Posts