കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷ 21 ന്
കണ്ണൂരിൽ ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. ഈ മാസം 21ന് ശിക്ഷ പ്രഖ്യാപിക്കും.
2020 ഫെബ്രുവരി 17ന് കണ്ണൂർ തയ്യിൽ നടന്ന സംഭവത്തിൽ ശരണ്യക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
രണ്ടാം പ്രതിയും ശരണ്യയുടെ സുഹൃത്തുമായ നിധിനെ വെറുതെ വിട്ടു. ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തതിനെ തുടർന്നാണ് രണ്ടാം പ്രതിയെ വെറുതെ വിട്ടത്. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുള്ള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് അമ്മ കൊന്നുവെന്നാണ് കേസ്. ബന്ധത്തിന്റെ പേരിൽ നിധിൻ കൊലപാതകത്തിന് നിർബന്ധിച്ചുവെന്ന് പറയാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.