തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞുകൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മ ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം പൊലീസ് തമിഴ്നാട്ടിൽ നിന്നാണ് ശ്രീതുവിനെ പിടികൂടിയത്. കേസിൽ ശ്രീതുവിനെ രണ്ടാം പ്രതിയാക്കി.
കൊലപാതകത്തിൽ ശ്രീതുവിന് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. അമ്മയുടെ അറിവോടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. ശ്രീതുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കേസിൽ നേരത്തെ കുട്ടിയുടെ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചിരുന്നുവെങ്കിലും ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന ഹരികുമാറിൻ്റെ മൊഴിയിൽ പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ തുടർച്ചയായി മൊഴിമാറ്റിയതോടെ ഹരികുമാറിനെയും കുട്ടിയുടെ അമ്മയെയും നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. ശ്രീതു തന്നെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്നും അവരാണ് കൊലനടത്തിയതെന്നുമായിരുന്നു ഹരികുമാർ പിന്നീട് നൽകിയ മൊഴി.
ഹരികുമാറിന്റെ മൊഴി മാറ്റത്തോടെ നുണപരിശോധനയ്ക്കുശേഷം കുറ്റപത്രം നൽകിയാൽ മതിയെന്ന് പൊലീസ് തീരുമാനിച്ചു. പ്രതിയായ അമ്മാവൻ ഹരികുമാറിനെയും അമ്മ ശ്രീതുവിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാനായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാല് ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്.
ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടുവളപ്പിലെ കിണറ്റിൽ വീണുമരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.