കേരളത്തിൽ കാലവർഷം നാളെയോടെ എത്തിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇതിനു മുന്നോടിയായി സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പുകൾ നിലവിലുണ്ട്. ഇതിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. കൂടാതെ, നാളെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതും, തെക്കൻ കേരള തീരത്തോടു ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതുമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. കാലവർഷം കേരളത്തിൽ എത്തുന്നതോടെ ലക്ഷദ്വീപ്, തമിഴ്നാട്, അറബിക്കടലിൻ്റെ വിവിധ ഭാഗങ്ങൾ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലേക്കും കാലവർഷം വ്യാപിക്കുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.