ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കണ്ണൂർ സ്വദേശിയായ ഇസ്മായില്‍ പൊന്നാരം ഇബ്രാഹിം കുട്ടിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശികളടക്കം 5 മലയാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു. ടിക്ടോക്കിലെ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. ടിക് ടോക്കില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ദിവസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ രാത്രി രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പരസ്പരം കൊലവിളി നടത്തി. അതിന് പിന്നാലെ ഉണ്ടായ കത്തിക്കുത്തിലാണ് ഇസ്മയില്‍ കൊല്ലപ്പെട്ടത്.
ഏറെ നാളായി ഷാര്‍ജയില്‍ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട ഇസ്മയില്‍. സംഭവം നടന്ന് വൈകാതെ പൊലീസ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തു. ദുബായ് കരാമയിലെ തമിഴ് നാട് സ്വദേശിയുടെ ബേയ്ക്കറി-കുൽഫി കടയിൽ ജീവനക്കാരനായിരുന്നു ഇസ്മായീൽ. തൈവളപ്പിൽ ഇബ്രാഹിമിന്റെയും, ജുബൈരിയ പൊന്നൻ്റെയും മകനാണ്. ഭാര്യ :നജ്മുന്നിസ മാട്ടൂൽ. ഒരു മകനുണ്ട്.