വിവാഹ സൽക്കാരത്തിന് ഭക്ഷണം തയ്യാറാക്കി നൽകാമെന്ന് കരാർ ചെയ്ത് മുൻകൂറായി പണം വാങ്ങിയ ശേഷം വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചെന്ന പരാതിയിൽ കാറ്ററിങ് സ്ഥാപന ഉടമയ്‌ക്കെതിരെ കൂത്താട്ടുകുളം പൊലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉദയം ഇവന്റ് കാറ്ററിങ് ഉടമ വിഷ്ണു മോഹനെതിരെയാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോട്ടയം, കൊല്ലം ജില്ലകളിലും സമാനമായ തട്ടിപ്പുകൾ നടത്തിയെന്ന പരാതിയിൽ വിഷ്ണു മോഹനെതിരെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

പാലക്കുഴ കോഴിപ്പിള്ളി പടിഞ്ഞാറേമ്യാലിൽ സുമംഗലാദേവിയുടെ പരാതിയിലാണ് കേസ്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 16ലെ ഹൽദി ചടങ്ങിന് 150 പേർക്കും ഓഗസ്റ്റ് 22ലെ വിവാഹ സൽക്കാരത്തിന് 1000 പേർക്കും ഭക്ഷണം നൽകാമെന്ന് വിഷ്ണു മോഹൻ ഏറ്റെടുത്തിരുന്നു. ഇതിനായി ഗൂഗിൾ പേ വഴി വിവിധ ഘട്ടങ്ങളിലായി 1.35 ലക്ഷം രൂപ മുൻകൂറായി വാങ്ങിയെന്നാണ് പരാതി.

എന്നാൽ ഹൽദി ചടങ്ങിൽ 150 പേർക്ക് പകരം 100 പേർക്ക് മാത്രമാണ് ഭക്ഷണം നൽകിയതെന്നും വിവാഹ സൽക്കാരത്തിന് രണ്ട് ദിവസം മുമ്പ് ഭക്ഷണം നൽകാൻ കഴിയില്ലെന്ന് അറിയിച്ച് മറ്റാരെയെങ്കിലും ഏൽപ്പിക്കാൻ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. നൽകിയ ഭക്ഷണത്തിൻ്റെ 25,000 രൂപ കുറച്ചുള്ള 1.10 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നും പരാതിയിലുണ്ട്.

Related Posts