ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ചരിത്ര സ്വർണം സമ്മാനിച്ച തമിഴ്നാട് താരം ജി. കമാലിനിക്ക് 75 ലക്ഷം രൂപയുടെ പുരസ്കാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്. ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ടീം സ്വർണം സ്വന്തമാക്കിയതിന് പിന്നാലെയാണ് തമിഴ്നാട് സർക്കാർ താരത്തിന് പ്രത്യേക പാരിതോഷികം പ്രഖ്യാപിച്ചത്.

കമാലിനിയെപ്പോലുള്ള പ്രതിഭാധനരായ താരങ്ങൾക്ക് തമിഴ്നാട് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമാലിനിയുടെ നേട്ടം സംസ്ഥാനത്തെ യുവാക്കൾക്കും വനിതകൾക്കും പുതിയ ഊർജവും ആത്മവിശ്വാസവും പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മധുര സ്വദേശിയായ 18കാരിയായ കമാലിനി ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിലെ ശ്രദ്ധേയ താരമായി മാറി. ഫൈനലിൽ ഇന്ത്യ ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ വനിതാ ടീമിന് 69 റൺസിൽ ഒതുങ്ങേണ്ടിവന്നതോടെയാണ് ഇന്ത്യ സ്വർണത്തിൽ മുത്തമിട്ടത്.

Related Posts