ജപ്പാൻ്റെ പസഫിക് തീരത്ത് വീശിയ ഡുജുവാൻ ചുഴലിക്കാറ്റിൽ ആറ് പേർ മരിച്ചു. ശക്തമായ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയിൽ 22ലേറെ പേർക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. ടോക്കിയോ ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് 300ഓളം വിമാനങ്ങൾ റദ്ദാക്കി. ഏകദേശം 50,000 വീടുകളിൽ വൈദ്യുതി ബന്ധം നഷ്ടപ്പെടുകയും നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തു.
ചുഴലിക്കാറ്റിൽ ഏറ്റവും കൂടുതൽ ബാധിച്ചത് ചിബ പ്രവിശ്യയെയാണ്. ഇവിടെ റോഡ് പുനരുദ്ധാരണ ജോലികളിൽ ഏർപ്പെട്ടിരുന്ന 51കാരൻ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. കനഗാവ പ്രവിശ്യയിലെ യോക്കോസുകയിലും മിയുറയിലും തുടർച്ചയായ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.