ഹിന്ദി ചിത്രം ‘ദൃശ്യം 3’ കണ്ട് മലയാളത്തിൻ്റെ സൂപ്പർതാരം മോഹൻലാൽ. ചിത്രത്തിലെ നായകൻ അജയ് ദേവ്ഗണിനെയും സംവിധായകൻ അഭിഷേക് പഥക്കിനെയും അണിയറപ്രവർത്തകരെയും മോഹൻലാൽ പ്രശംസിച്ചതായാണ് റിപ്പോർട്ട്.
‘ഞാൻ ദൃശ്യം: ദ കൺക്ലൂഷൻ കണ്ടു. ജനപ്രിയമായ ഈ യാത്രയ്ക്ക് അനുയോജ്യമായ അവസാനം കണ്ടെത്തിയ രീതിയെ ഞാൻ അഭിനന്ദിക്കുന്നു. അഭിഷേക് പഥക്, കുമാർ മംഗത് പഥക്, അജയ് ദേവ്ഗൺ, കൂടാതെ ചിത്രത്തിന്റെ എല്ലാ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ. വളരെ നന്നായി ചെയ്തു’, ഇതാണ് മോഹൻലാലിൻ്റെ വാക്കുകൾ.
മലയാളത്തിലെ ‘ദൃശ്യം’ സിനിമകളിലൂടെ ജോർജ്കുട്ടിയായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ മോഹൻലാൽ, ഹിന്ദി പതിപ്പിൻ്റെ മൂന്നാം ഭാഗം കാണുമെന്ന ആഗ്രഹം നേരത്തേ അജയ് ദേവ്ഗൺ പങ്കുവച്ചിരുന്നു. മലയാളം, ഹിന്ദി പതിപ്പുകളുടെ മൂന്നാം ഭാഗങ്ങൾ വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്. ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗൺ, തബു, ശ്രിയ ശരൺ, ജയ്ദീപ് അഹ്ലാവത്ത്, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
അഭിഷേക് പഥക് സംവിധാനം ചെയ്ത ഹിന്ദി ‘ദൃശ്യം 3’ ഒക്ടോബർ രണ്ടിനാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം ബോക്സ് ഓഫീസിലും മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ്.