ബെംഗളൂരുവിലെ ബൊമ്മസാന്ദ്രയിൽനിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ റെയിൽ സർവീസ് നീട്ടുന്നതിനുള്ള പദ്ധതിക്ക് വേഗത്തിൽ അനുമതി നൽകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ബെംഗളൂരുവിനും ഹൊസൂരിനും ഇടയിലെ അന്തർസംസ്ഥാന യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും യാത്രാസമയം കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്ന പദ്ധതിയുടെ അനുമതി നടപടികൾ ഇതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമായി.
ബെംഗളൂരുവിൻ്റെ തെക്കൻ മേഖലകളായ ഇലക്ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര എന്നിവിടങ്ങളിൽനിന്ന് ഹൊസൂരിലേക്കുള്ള യാത്രക്കാരും ഐടി മേഖലയിലെ ജീവനക്കാരുമാണ് പദ്ധതി യാഥാർഥ്യമായാൽ പ്രധാനമായും പ്രയോജനം നേടുക. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഹൊസൂർ നിവാസികൾക്കും ഹൊസൂരിലെ വ്യവസായ സ്ഥാപനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ മെട്രോ സഹായകമാകും.
കഴിഞ്ഞ ദിവസം ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടത്തിലെ പൂനമല്ലി ബൈപാസ്–വടപളനി പാത ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് വിജയ് ഹൊസൂർ–ബൊമ്മസാന്ദ്ര മെട്രോയ്ക്ക് അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടത്. ചെന്നൈ മെട്രോയുടെ മൂന്നാംഘട്ടത്തിനും കോയമ്പത്തൂർ, മധുരൈ നഗരങ്ങളിലെ മെട്രോ പദ്ധതികൾക്കും അനുമതി നൽകണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.