വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു. ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിനെ മന്ത്രി തന്റെ ഔദ്യോഗിക വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. അടൂർ മടവിളയിൽ ജോർജ് (28), കരിയിലകുളങ്ങര തറമേൽ തെക്കതിൽ അബിൻ ബാബു (30) എന്നിവർക്കാണ് ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തിൽ പരിക്കേറ്റത്. കെപി റോഡിൽ അപകടം നടന്നയുടൻ അബിനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ മറ്റൊരു ബൈക്കിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജോർജ് റോഡിൽ കിടക്കുന്ന സമയത്താണ് മന്ത്രി എം. ലിജുവിന്റെ വാഹനം അതുവഴി കടന്നുപോയത്. തുടർന്ന് മന്ത്രി വാഹനം നിർത്തുകയും പുറത്തിറങ്ങി പരിക്കേറ്റ ജോർജിനെ തന്റെ ഔദ്യോഗിക വാഹനത്തിൽ കയറ്റി കായംകുളം ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.