ഓണം ഉത്സവബത്തയും മറ്റ് ഓണാനുകൂല്യങ്ങളും മുൻവർഷങ്ങളിലേതുപോലെ ഇത്തവണയും സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ഉത്സവബത്ത സംബന്ധിച്ച സർക്കാർ മാർഗനിർദേശങ്ങൾ അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

മൂന്നു വർഷത്തിലേറെയായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ 2,087 തൊഴിലാളികൾക്ക് ഓണത്തോടനുബന്ധിച്ച് 1,000 രൂപ മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡ് നൽകും. കൂടാതെ, മൂന്ന് വർഷത്തിലധികമായി പ്രവർത്തനം നിലച്ച കയർ സ്ഥാപനങ്ങൾ, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങൾ, എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലെ 9,806 തൊഴിലാളികൾക്ക് 2,000 രൂപ വീതം എക്‌സ്‌ഗ്രേഷ്യ അനുവദിക്കുന്നതിനായി 1.96 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. അതേസമയം, ഒരു വർഷത്തിലേറെയായി പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2,500 രൂപ വീതം എക്‌സ്‌ഗ്രേഷ്യയും ധനസഹായവും നൽകാൻ 3.10 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. ഓണത്തിന് മുന്നോടിയായി എല്ലാ ആനുകൂല്യങ്ങളും കൃത്യസമയത്ത് തൊഴിലാളികൾക്ക് ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Posts