ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അലവിൽ സ്വദേശികളായ പ്രേമരാജൻ (75), ഭാര്യ എ. കെ.ശ്രീലേഖ (69) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ശ്രീലേഖ മന്ത്രി എ.കെ.ശശീന്ദ്രൻ്റെ സഹോദരീ പുത്രിയാണ്. വ്യാഴാഴ്‌ച വൈകുന്നേരം അഞ്ചിന് ഡ്രൈവർ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. നിരവധി തവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ബഹ്‌റൈനിലായിരുന്ന മകൻ ഷിബിൻ പ്രേമരാജ് കുടുംബസമേതം നാട്ടിലെത്തുന്ന ദിവസം തന്നെയാണ് വയോധിക ദമ്പതിമാരെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷിബിനെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ കാറെടുക്കാനായി സമീപവാസിയായ കണ്ണനിവാസിൽ സരോഷ് വൈകിട്ട് അഞ്ചുമണിയോടെ പ്രേമരാജൻ്റെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. പലതവണ വിളിച്ചിട്ടും വാതിൽ തുറക്കുകയോ ഫോണെടുക്കുകയോ ചെയ്യാതിരുന്നതോടെയാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് നിർദേശിച്ചതനുസരിച്ച് വാതിൽ തുറന്നപ്പോഴാണ് കിടപ്പുമുറിയിൽ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ രണ്ടുപേരുടെയും മൃതദേഹം കണ്ടതെന്ന് സരോഷ് പറഞ്ഞു. രണ്ടുപേരും നിലത്താണ് കിടന്നിരുന്നത്. അപ്പോഴേക്കും വിമാനമിറങ്ങിയ ഷിബിൻ സരോഷിനെ വിളിച്ചിരുന്നു. സംഭവം പറഞ്ഞതോടെ ഷിബിൻ വിമാനത്താവളത്തിൽ നിന്ന് ടാക്‌സിയിൽ വീട്ടിലേക്ക് തിരിക്കുകയും ചെയ്തു. വളപട്ടണം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Posts