ഗതാഗത രംഗത്ത് ഇന്ന് ചർച്ചയാകുന്നത് ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലിറങ്ങുന്നെന്ന വാർത്തയാണ് . ലോകത്ത് നാല് രാജ്യങ്ങൾക്ക് മാത്രമുള്ള ഹൈഡ്രജൻ ട്രെയിൻ എത്തുന്നതോടെ ഇന്ത്യൻ റെയിൽവേ മറ്റൊരു തലത്തിലേക്ക് ഉയരുകയാണ്. ഹരിയാനയിലെ സോനിപത് – ജിന്ദ് പാതയില്‍ സെപ്റ്റംബറിൽ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പരീക്ഷണങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയതോടെ ട്രെയിൻ സർവീസ് ഉടനെ ആരംഭിക്കും. തമിഴ്നാട്ടിലെ പെരമ്പൂര്‍ ഇൻ്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച ഹൈഡ്രജന്‍ ട്രെയിന്‍ നോര്‍ത്തേണ്‍ റെയില്‍വേയ്ക്ക് കൈമാറിയിരുന്നു. രാജ്യത്തെ മറ്റു ട്രെയിനുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിട്ടാണ് ഇവയുടെ പ്രവർത്തനം. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് പുതിയ മാനങ്ങൾ നൽകുന്ന സർവീസാകും ഹൈഡ്രജൻ ട്രെയിനിൻ്റേത്. 118 കോടി രൂപ ചെലവഴിച്ചാണ് ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ത്യ യാഥാര്‍ഥ്യമാക്കിയത്.
മണിക്കൂറില്‍ 110 കിലോമീറ്റര്‍വരെ വേഗത്തില്‍ സഞ്ചരിക്കാൻ ഹൈഡ്രജന്‍ ട്രെയിനുകള്‍ക്ക് സാധിക്കും. ഹൈഡ്രജനാണ് ഈ ട്രെയിനിൻ്റെ പ്രധാന ഘടകം. ട്രെയിനിൽ സംഭരിക്കുന്ന ഹൈഡ്രജന്‍, അന്തരീക്ഷ വായുവിലെ ഓക്സിജനുമായി ഫ്യുവല്‍ സെല്‍ ഉപയോഗിച്ച് സംയോജിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് എന്ജിൻ ചലിപ്പിക്കുക. ട്രെയിനിൻ്റെ മുന്നിലും പിന്നിലും ഹൈഡ്രജന്‍ എന്‍ജിനുകളുണ്ടാകും. കൂടുതലായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ലിഥിയം ബാറ്ററിയിൽ ശേഖരിക്കുകയും ചെയ്യും. രണ്ട് എൻജിനുകൾക്ക് നടുവിലായുള്ള ഈ എട്ട് കോച്ചുകളിലും നിരീക്ഷണക്യാമറകളുണ്ട്. വന്ദേ ഭാരത് ട്രെയിനുകൾക്ക് സമാനമായി ഓട്ടോമാറ്റിക് ഡോറുകളാണ് ഇവയിലുള്ളത്.