കാലേന അഗ്രഹാര മുതൽ തവരക്കെരെ വരെയുള്ള നമ്മ മെട്രോ പിങ്ക് ലൈനിൻ്റെ ആദ്യഘട്ടം ഈ മാസം സർവീസിന് തുറന്നേക്കും. 7.5 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. റെയിൽവേ ബോർഡിൻ്റെയും മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെയും അന്തിമ അനുമതി ലഭിക്കുന്നതോടെയാണ് സർവീസ് ആരംഭിക്കുക. തിരക്കേറിയ ബന്നാർഘട്ട റോഡിലൂടെയുള്ള യാത്ര എളുപ്പമാക്കാൻ പിങ്ക് ലൈൻ സഹായകരമാകുമെന്നാണ് പ്രതീക്ഷ. പാതയിലേക്കായി ആറ് മെട്രോ ട്രെയിനുകൾ ബെമൽ നിർമിച്ച് കൈമാറിയിട്ടുണ്ട്.

തവരക്കെരെ മുതൽ നാഗവാര വരെയുള്ള 13.5 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാംഘട്ടം 2027 ജൂണോടെ തുറക്കാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ്റെ ലക്ഷ്യം. ഈ ഭാഗം പൂർണമായും ഭൂഗർഭ പാതയായിരിക്കും. സിഗ്നൽ സംവിധാനവും വൈദ്യുതീകരണ ജോലികളും പുരോഗമിക്കുകയാണ്.

പിങ്ക് ലൈൻ പൂർണമായും യാഥാർഥ്യമാകുന്നതോടെ ബെംഗളൂരുവിലെ വടക്ക്-തെക്ക് യാത്ര കൂടുതൽ സുഗമമാകും. ജയദേവ ആശുപത്രി നഗരത്തിലെ പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനുകളിലൊന്നായി മാറും. യെലോ ലൈനുമായുള്ള കണക്ഷന് പുറമെ മറ്റ് മെട്രോ പാതകളിലേക്കുള്ള യാത്രയും ഇവിടെ നിന്ന് എളുപ്പമാകും.

എന്നാൽ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് തുടർയാത്രാ സൗകര്യം ഉറപ്പാക്കുക വലിയ വെല്ലുവിളിയാണ്. പാർക്കിങ്, കാൽനട സൗകര്യങ്ങൾ, ഫീഡർ ബസുകൾ എന്നിവ ശക്തമാക്കിയാൽ മാത്രമേ പുതിയ പാതയുടെ പൂർണ പ്രയോജനം യാത്രക്കാർക്ക് ലഭിക്കൂ. ബിഎംടിസിയുമായി സഹകരിച്ച് ആവശ്യമായ ഫീഡർ സർവീസുകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

Related Posts