ബെംഗളൂരുവിനും വിജയവാഡയ്ക്കുമിടയിൽ പുതിയ വന്ദേഭാരത് വരുന്നു. ഡിസംബര്‍ പത്ത് മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പുതിയ വിവരം. തിരുപ്പതി വഴിയായിരിക്കും ഈ സര്‍വീസ്. ആന്ധ്രയില്‍ ബിസിനസ് ആവശ്യത്തിനും തീര്‍ഥാടന ആവശ്യവുമായി പോകുന്നവർക്കും പുതിയ വന്ദേഭാരത് ഉപകാരപ്പെടും. വിജയവാഡയില്‍ നിന്ന് രാവിലെ 5.15നാണ് വന്ദേഭാരത് എക്‌സ്പ്രസ് പുറപ്പെടുക. ബെംഗളൂരുവില്‍ ഉച്ചയ്ക്ക് ശേഷം 2.15ന് എത്തിച്ചേരും. 2.45നായിരിക്കും മടക്ക സര്‍വീസ്. രാത്രി 11.45ന് വിജയവാഡയില്‍ എത്തും. സാധാരണ ട്രെയിനുകളില്‍ ബെംഗളൂരു-വിജയവാഡ യാത്രയ്ക്ക് 12 മണിക്കൂര്‍ വരെ സമയം വേണ്ടിവരും. എന്നാല്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ ഒമ്പത് മണിക്കൂര്‍ ആണ് പ്രതീക്ഷിക്കുന്നത്.
ആഴ്ചയില്‍ ആറ് ദിവസമായിരിക്കും സര്‍വീസ്. ചൊവ്വാഴ്ച സര്‍വീസുണ്ടാകില്ല.

തെനാലി, ഓംഗോള്‍, നെല്ലൂര്‍, തിരുപ്പതി, ചിറ്റൂര്‍, കാഡ്പാടി, കൃഷ്ണരാജപുരം എന്നീ റെയില്‍വെ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും. എക്‌സിക്യൂട്ടീവ് കോച്ചില്‍ 3100 രൂപയും എസി ചെയര്‍ കാറില്‍ 1900 രൂപയും ടിക്കറ്റ് നിരക്ക് പ്രതീക്ഷിക്കുന്നു. സര്‍വീസ് തുടങ്ങുന്നതിൻ്റെ നാല് ദിവസം മുമ്പായിരിക്കും ടിക്കറ്റ് നിരക്ക് പരസ്യപ്പെടുത്തുക.

Related Posts