മൈസൂരുവിൽ നാല് പുതിയ ഡിപ്പോകൾ തുറക്കുമെന്ന് കർണാടക ആർടിസി അധികൃതർ അറിയിച്ചു. യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെത്തുടർന്നാണിത്. ഇതിനായി പറ്റിയ സ്ഥലം കണ്ടെത്താൻ മൈസൂരു വികസന അതോറിറ്റിക്ക് നിർദേശം സമർപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ഒരു ഡിപ്പോ നിർമിക്കുന്നതിന് ആറേക്കർ ഭൂമി എങ്കിലും ആവശ്യമായിവരും. എച്ച്ഡി കോട്ടെ റോഡ്, യെൽവാൾ, ബന്നൂർ റോഡ്, ബൊഗാദി എന്നിവിടങ്ങളിൽ പുതിയ ഡിപ്പോകൾ നിർമ്മിക്കാനുള്ള പദ്ധതിയാണ് സമർപ്പിക്കുക.
സതഗള്ളി, കുവേംപുനഗർ, വിജയനഗർ എന്നിവയാണ് നിലവിലെ മൂന്ന് ഡിപ്പോകൾ.
മൈസൂരു ഡിവിഷനിൽ നിലവിൽ 517 ബസുകൾ സർവീസ് നടത്തുന്നുണ്ട്, അതിൽ 127 എണ്ണം നഞ്ചൻഗുഡിൽ നിന്നുള്ളതാണ്. പുതിയ ബാച്ച് ഇലക്ട്രിക് ബസുകൾ വരുന്നതോടെ ഇവയുടെ എണ്ണം 617 ആയി ഉയരും. ഗ്രേഡ്-1 നവീകരണവും പെരിഫറൽ റിംഗ് റോഡും നഗരപരിധി കൂടുതൽ വികസിപ്പിക്കുമെന്നും കൂടുതൽ പ്രദേശങ്ങളെയും ഗ്രാമങ്ങളെയും ഗതാഗത മേഖലയിലേക്ക് കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നു. ഇതിന് 200 ബസുകൾ കൂടി ആവശ്യമായി വരും, ഇത് നഗരത്തിലെ ബസുകളുടെ എണ്ണം ഏകദേശം 800 ആയി ഉയർത്തും.
നാല് പുതിയ വരുന്നതോടെ യാത്രക്കാരുടെ തിരക്കും കുറയ്ക്കാൻ സഹായിക്കും. ബെംഗളൂരുവിലെ ബിഎംടിസിയുടെ മാതൃകയാണ് മൈസൂരു പിന്തുടരുക. ബിഎംടിസിക്ക് ഇപ്പോൾ ഏകദേശം 50 ഡിപ്പോകളുണ്ട്.