സ്വകാര്യ ആശുപത്രി ഐസിയുവിൽ ജാർഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശുവിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിൻ്റെ സംരക്ഷണം വനിത ശിശുവികസന വകുപ്പ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.
ബന്ധുക്കളാരും ഇല്ലാത്തതിനാല്‍ കുഞ്ഞിൻ്റെ പ്രത്യേക പരിചരണത്തിന് ന്യൂബോണ്‍ കെയറിലെ നഴ്സുമാരെ നിയോഗിച്ചു. കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ജനറൽ ആശുപത്രി സൂപ്രണ്ടിനും മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് ആരോഗ്യവകുപ്പ് ഡയറക്ടർ നിശ്ചയിക്കുന്ന പ്രകാരം വനിത ശിശുവികസന വകുപ്പിൻ്റെ ബാലനിധിയിലൂടെ അനുവദിക്കും. തലയിൽ ചെറിയ രക്തസ്രാവമുണ്ട്. ഓറൽ ആൻ്റിബയോട്ടിക് ചികിത്സ തുടരുന്നുണ്ട്.
ഒരു മാസത്തോളം തീവ്ര പരിചരണം ആവശ്യമാണ്. ആവശ്യമെങ്കിൽ വനിത ശിശുവികസന വകുപ്പിൻ്റെ കെയർ ടേക്കർമാരേയും നിയോഗിക്കും. മാതാപിതാക്കൾ തിരിച്ചു വരുന്നെങ്കിൽ കുഞ്ഞിനെ അവർക്ക് കൈമാറും. കുഞ്ഞിനെ മാതാപിതാക്കൾക്ക് ഇനി വേണ്ട എന്നാണെങ്കിൽ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും.