ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസിലെ പ്രതി ജി. സന്ദീപിന് ജീവപര്യന്തം ശിക്ഷ. പ്രതി ഒരു ലക്ഷം രൂപയും പിഴയൊടുക്കണം. കൊല്ലം സെഷൻസ് കോടതിയുടേതാണ് വിധി. ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപ് കേസിൽ കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി വിധിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ആയിരുന്ന വന്ദനയ്ക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെയാണ് കുത്തേൽക്കുന്നത്.
പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന വാദവും കോടതി തള്ളി. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും, പ്രതി സന്ദീപിന് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പൂയപ്പള്ളി പോലീസ് ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ച് വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്.
2023 മേയ് 10ന് പുലർച്ചെയാണ് വന്ദന മരിക്കുന്നത്. മൂന്നു പോലീസുകാർ ഉൾപ്പെടെ 5 പേർക്ക് സന്ദീപിന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. 207 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. കേസിൽ 70 ൽ ഏറെ സാക്ഷികളെ വിസ്തരിച്ചു. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.