തെലങ്കാനയിൽ ശ്രീശൈലം അണക്കെട്ടിൻ്റെ പിന്നിലെ തുരങ്കത്തിൻ്റെ ചോർച്ച പരിഹരിക്കുന്നതിനിടെ തുരങ്കത്തിൻ്റെ ഒരുഭാഗം തകർന്നുവീണു. ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം. മൂന്നുപേർ രക്ഷപ്പെട്ടു. ബാക്കിയുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

നാഗർകുർണൂൾ ജില്ലയിലെ ശ്രീശൈലം ഇടത് കര കനാലിൻ്റെ ഭാഗമായാണ് കനാലുള്ളത്. ഇതിൻ്റെ മേൽക്കൂര മൂന്ന് മീറ്ററോളം തകർന്നു വീഴുകയായിരുന്നു. ജീവനക്കാർ ഈ സമയത്ത് ഇവിടെ ജോലി ചെയ്യുകയായിരുന്നു.

13 കിലോമീറ്റർ ഉള്ളിലായിട്ടാണ് അപകടം നടന്നിട്ടുള്ളത്. നാല് ദിവസം മുമ്പാണ് തുരങ്കം വീണ്ടും തുറന്നതെന്നും അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിവരം അറിഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം നൽകിയെന്ന് അറിയിച്ചു.

അഗ്നിശമന വകുപ്പ്, ജില്ലാ കലക്ടർ, എസ്പി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ജലസേചന മന്ത്രി എൻ. ഉത്തംകുമാറും അദ്ദേഹത്തിൻ്റെ വകുപ്പിലെ മറ്റു ഉദ്യോഗസ്ഥരും പ്രത്യേക ഹെലികോപ്റ്ററിൽ അപകടസ്ഥലത്തേക്ക് പുറപ്പെട്ടു.

Related Posts