ബെംഗളൂരു റൂട്ടിലേക്ക് പുതിയ 32 എസി ബസുകൾ വാങ്ങാനുള്ള കരാർ ഉറപ്പിച്ചതോടെ കേരള ആർടിസിയുടെ കൂടുതൽ എസി ബസുകൾ എത്തും. പതിനാല് എസി സീറ്റർ കം സ്ലീപ്പർ, എട്ട് സ്ലീപ്പർ, പത്ത് സീറ്റർ ബസുകളാണ് പുതുതായി വാങ്ങുന്നത്.
മികച്ച വരുമാനം ലഭിക്കുന്ന ബെംഗളൂരു സെക്ടറിൽ കേരള ആർടിസിയുടെ വോൾവോ, സ്കാനിയ ബസുകൾ പലതും 10 വർഷത്തിലേറെ കാലപ്പഴക്കമുള്ളതാണ്. ഓടുന്നതിനിടെ ബസുകൾ തകരാറിലാകുന്നത് പതിവായതോടെ വരുമാന നഷ്ടവും നേരിടുന്നുണ്ട്.
കർണാടക ആർടിസിയും സ്വകാര്യ ബസുകളും കൂടുതൽ എസി സ്ലീപ്പർ സർവീസുകൾ ആരംഭിച്ചതോടെ പഴഞ്ചൻ ബസുകളുള്ള കേരള ആർടിസിക്ക് ഇവരുമായി മത്സരിക്കാനാകുന്നില്ല. 3 വർഷം മുൻപ് കേരള ആർടിസിയുടെ എസി സ്വിഫ്റ്റ് ബസുകൾ എത്തിയെങ്കിലും ചുരുക്കം റൂട്ടുകളിൽ മാത്രമാണ് ഇവ സർവീസ് നടത്തുന്നത്.