ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ഐ പോരാട്ടത്തിൽ ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാൻസ് പ്രീക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു. സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ടഗോൾ പ്രകടനമാണ് ഫ്രഞ്ച് പടയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
മത്സരത്തിൻ്റെ 13-ാം മിനിറ്റിൽ തന്നെ ഇടങ്കാലൻ ബുള്ളറ്റിലൂടെ എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിച്ചു. ലോകകപ്പിലെ അദ്ദേഹത്തിന്റെ 15-ാം ഗോളായ ഇതോടെ ബ്രസീൽ ഇതിഹാസം റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്താനും എംബാപ്പെയ്ക്ക് സാധിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഫ്രാൻസ് 1-0ന് മുന്നിലായിരുന്നു.
കനത്ത മഴയും ഇടിമിന്നലും കാരണം രണ്ടാം പകുതിയുടെ തുടക്കം രണ്ട് മണിക്കൂറോളം വൈകി. കളി പുനരാരംഭിച്ചതിന് പിന്നാലെ ഇറാഖ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് എംബാപ്പെ തന്റെ രണ്ടാം ഗോളും നേടി. ഗോൾകീപ്പറുടെ പിഴവിനെ തുടർന്ന് ലഭിച്ച അവസരം ഒസ്മാൻ ഡെംബലെ എംബാപ്പെയ്ക്ക് കൈമാറുകയും താരം അത് വലയിലെത്തിക്കുകയുമായിരുന്നു.
തുടർന്ന് ഡെംബലെ തന്നെ ഫ്രാൻസിൻ്റെ മൂന്നാം ഗോൾ നേടി വിജയമുറപ്പിച്ചു. മത്സരത്തിലുടനീളം കാര്യമായ തിരിച്ചുവരവ് നടത്താൻ ഇറാഖിന് സാധിച്ചില്ല.
ഇരട്ടഗോൾ നേട്ടത്തോടെ ലോകകപ്പ് ചരിത്രത്തിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ മുൻ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പമെത്താനും എംബാപ്പെയ്ക്ക് സാധിച്ചു. തുടർച്ചയായ മികച്ച പ്രകടനവുമായി ഫ്രാൻസ് നോക്കൗട്ട് ഘട്ടത്തിലേക്ക് ആത്മവിശ്വാസത്തോടെ കടന്നിരിക്കുകയാണ്.