ബെംഗളൂരുവിലെ കെആർ പുരത്ത് ജിം ട്രെയ്നറെ കൊലപ്പെടുത്തിയ കേസിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുൾബാഗൽ സ്വദേശിയായ വിജയ് കുമാർ (32) ആണ് ഈ മാസം 9-ന് ജിഗനിയിലെ വിജനമായ പ്രദേശത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തപ്പെട്ടത്.
ജിമ്മിൽ പരിചയപ്പെട്ട യുവതിയുമായുള്ള ബന്ധത്തെ ചൊല്ലിയുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക കണ്ടെത്തൽ. കേസിൽ സുമിത്, വെങ്കടേഷ്, ബാബു എന്നിവരടക്കമുള്ള ആറുപേരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇതിനിടെ, കുടുംബവഴക്കുമായി ബന്ധപ്പെട്ട കേസിൻ്റെ വിചാരണക്കിടെ വിജയ് കുമാർ ഭാര്യയെ കോടതിമുറിക്കുള്ളിൽ മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൻ്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.