ചെക്ക് കേസുകളിൽ ശിക്ഷിക്കപ്പെട്ട മാണി സി.കാപ്പൻ എംഎൽഎയെ അയോഗ്യനാക്കണമെന്ന പരാതിയിൽ നിയമപരമായ തീരുമാനമെടുക്കാൻ നിയമസഭാ സ്പീക്കർക്ക് ഹൈക്കോടതി നിർദേശം. സ്പീക്കറുടെ ഭാഗത്തുനിന്ന് തീരുമാനമെടുക്കാൻ കാലതാമസമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരനായ ദിനേശ് മേനോൻ സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് കോടതിയുടെ ഉത്തരവ്.
സ്പീക്കറല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ട അധികാരിയെങ്കിൽ പരാതി ഗവർണർക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷത്തെ തടവുശിക്ഷ ലഭിച്ച സാഹചര്യത്തിൽ മാണി സി.കാപ്പന് എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നാണ് ഹർജിക്കാരൻ്റെ വാദം.
എന്നാൽ, ഒറ്റ കേസിൽ രണ്ടോ അതിലധികമോ വർഷം തടവുശിക്ഷ ലഭിച്ചാൽ മാത്രമേ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യത ബാധകമാകൂ എന്നാണ് മാണി സി.കാപ്പൻ്റെ വാദം.
ഇരുപക്ഷത്തിൻ്റെയും വാദങ്ങൾ പരിഗണിച്ച കോടതി, വിഷയത്തിൽ നിയമപരമായ പരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കാനാണ് സ്പീക്കറോട് നിർദേശിച്ചിരിക്കുന്നത്.