മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കോക്രോച്ച് ജനതാപാർട്ടി (സി.ജെ.പി). ഗാന്ധിജയന്തി ദിനമായ നാളെ മുംബൈയിലെ ശിവാജി പാർക്കിൽ പ്രതിഷേധം ആരംഭിക്കുമെന്ന് പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ശിവാജി പാർക്കിൽ പ്രതിഷേധം നടത്തുന്നത് തങ്ങളുടെ അവകാശമാണെന്നും ആസാദ് മൈതാനത്ത് സമരം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ആരംഭിക്കുന്ന പ്രക്ഷോഭം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.

ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്നും തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികൾ മരവിപ്പിക്കണമെന്നും അഭിജിത് ദിപ്കെ ആവശ്യപ്പെട്ടു. രാജിവയ്ക്കാൻ തയ്യാറായില്ലെങ്കിൽ ഒക്ടോബർ അവസാനത്തോടെ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും തുടർന്ന് ഗോവ, കർണാടക, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാനേഷ് കുമാറിൻ്റെ രാജി ഉണ്ടാകുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പിയുടെ മുഖ്യവക്താവ് സൗരവ് ദാസും വ്യക്തമാക്കി. അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് പാർട്ടിയുടെ ആവശ്യമെന്നും ദാസ് പറഞ്ഞു.

Related Posts