മംഗളൂരു റെയിൽവേ മേഖല പാലക്കാട് ഡിവിഷനിൽ നിന്ന് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി.സോമണ്ണ. കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദങ്ങൾക്ക് റെയിൽവേ വഴങ്ങില്ലെന്നും കർണാടക ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒക്ടോബർ 1 മുതൽ മംഗളൂരു മേഖല മൈസൂരു ഡിവിഷൻ്റെ കീഴിലാകും. ഇതോടെ പനമ്പൂർ തുറമുഖം വഴിയുള്ള ചരക്കുനീക്കവും മൈസൂരു ഡിവിഷൻ്റെ നിയന്ത്രണത്തിലാകും. മംഗളൂരു മേഖല കൈവിടുന്നതോടെ പാലക്കാട് ഡിവിഷൻ്റെ വാർഷിക വരുമാനത്തിൽ ഏകദേശം 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. തീരുമാനം കേരളത്തിൻ്റെ റെയിൽവേ വരുമാനത്തെയും വികസന പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

മംഗളൂരു മേഖല മാറ്റുന്നതിനെതിരെ കേരളത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പ്രതിഷേധങ്ങളും സമ്മർദങ്ങളും കണക്കിലെടുക്കാതെ തീരുമാനവുമായി മുന്നോട്ടുപോകാനാണ് റെയിൽവേയുടെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കിയതോടെ വിഷയത്തിൽ കേരള–കർണാടക തർക്കം കൂടുതൽ ശക്തമാകാനുള്ള സാധ്യതയുണ്ട്.

Related Posts