ഡൽഹിയിൽ നിന്നുള്ള പഠനയാത്ര കഴിഞ്ഞ് ട്രെയിനിൽ മടങ്ങുന്നതിനിടെ തൃശൂരിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. 80 അംഗ സംഘത്തിലെ 50ഓളം വിദ്യാർഥികൾക്കാണ് യാത്രയ്ക്കിടെ ഛർദിയും തലകറക്കവും ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. 15നും 18നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളാണ് സംഘത്തിലുണ്ടായിരുന്നത്. ഹസ്രത്ത് നിസാമുദ്ദീൻ–എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസിലായിരുന്നു സംഘം കേരളത്തിലേക്ക് മടങ്ങിയിരുന്നത്. യാത്രയ്ക്കിടെ ട്രെയിനിലെ പാൻട്രി കാറിൽ നിന്ന് ലഭിച്ച ഭക്ഷണമാണ് വിദ്യാർഥികൾ കഴിച്ചിരുന്നത്.

കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഒപ്പമുണ്ടായിരുന്ന അധ്യാപകരും സ്കൂൾ അധികൃതരും റെയിൽവേ ജീവനക്കാരെയും ഹെൽപ്പ് ലൈനിലും വിവരം അറിയിച്ചു. തുടർന്ന് മധ്യപ്രദേശിലെ ഖണ്ഡ്വ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ അടിയന്തര മെഡിക്കൽ സംഘം സജ്ജമാക്കി. വെള്ളിയാഴ്ച രാത്രി 9.30ഓടെ അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിലെത്തിയ ട്രെയിനിൽ നിന്ന് വിദ്യാർഥികളെ പുറത്തിറക്കി പ്രാഥമിക ചികിത്സ നൽകി. ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ. ഒ.പി. ജുഗ്താവത്, സിവിൽ സർജൻ ഡോ. അനിരുദ്ധ കൗശൽ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘവും റെയിൽവേ മെഡിക്കൽ സംഘവും ചേർന്നാണ് ചികിത്സ നൽകിയത്.

വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്. ചികിത്സയ്ക്കായി ട്രെയിൻ ഏകദേശം 40 മിനിറ്റ് വൈകി പുറപ്പെട്ടു. മുൻകരുതലിൻ്റെ ഭാഗമായി റെയിൽവേയുടെ പ്രത്യേക മെഡിക്കൽ സംഘം വിദ്യാർഥികളോടൊപ്പം ഭുസാവൽ സ്റ്റേഷൻ വരെ യാത്ര ചെയ്തു.

Related Posts