കോയമ്പത്തൂരിൽ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് സംശയം. കോയമ്പത്തൂർ ജില്ലയിലെ കണ്ണമ്പാളയം ഗ്രാമത്തില്‍ നിന്ന് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുട്ടിയെ കാണാതായത്. നാലാം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടി സുലൂര്‍ താലൂക്കിലെ പല്ലപാളയം ഭാരതിപുരത്ത് മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയതോടെ മാതാപിതാക്കളും അയല്‍ക്കാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് കുടുംബം സുലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ, പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റര്‍ പിന്നിലായി സ്ഥിതി ചെയ്യുന്ന കണ്ണമ്പാളയം എന്ന സ്ഥലത്തെ വലിയ ഒരു കുളത്തില്‍ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി നാട്ടുകാരാണ് കണ്ടത്. പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പെണ്‍കുട്ടി ലൈംഗീകമായ പീഡനത്തിനിരയായിട്ടുണ്ടാകാമെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിനായി കോയമ്പത്തൂര്‍ ജില്ലാ പോലീസ് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സുലൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ റോഡ് ഉപരോധിച്ചിരുന്നു. പുതിയതായി ചുമതലയേറ്റ ജില്ലാ പോലീസ് സൂപ്രണ്ട് എ. പവന്‍കുമാര്‍ റെഡ്ഡി കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പറഞ്ഞു. “കോയമ്പത്തൂരിൽ ഇന്നലെ 10 വയസുകാരിക്ക് സംഭവിച്ച ഭയാനകമായ സംഭവം അത്യധികം ദുഃഖവും ഞെട്ടലും ഉണ്ടാക്കുന്നു. ഇത്തരം മനുഷ്യത്വരഹിതവും പൊറുക്കാനാവാത്തതുമായ കുറ്റകൃത്യങ്ങൾ നമ്മുടെ സമൂഹത്തിൽ ഒരിക്കലും വച്ചുപൊറുപ്പിക്കാൻ കഴിയില്ല’.- അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.