മുംബൈയിൽ രജിസ്റ്റർ ചെയ്ത രണ്ടുകോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ ഒളിവിൽ കഴിയുകയായിരുന്ന മലയാളി യുവതിയെ കൊച്ചിയിൽ അറസ്റ്റ് ചെയ്തു. എറണാകുളം ആര്യങ്കാവ് കുളയേട്ടിക്കര സ്വദേശി സി.ആർ. ശ്രുതി (34) ആണ് മുംബൈ മാഹിം പോലീസിൻ്റെ പിടിയിലായത്. കൊച്ചി സിറ്റി പോലീസിൻ്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.

ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് ഏകദേശം രണ്ടുകോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. കമ്പനിയുടെ മാനേജിങ് ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ മാഹിം പോലീസ് കേസെടുക്കുകയായിരുന്നു. കേസിൽ രണ്ട് പ്രതികളാണുള്ളത്. കമ്പനിയുടെ മുംബൈ ഓഫീസിൽ ജോലി ചെയ്തിരുന്ന ഒന്നാം പ്രതി ശ്രുതി സഞ്ജയ് വലവാൽക്കറെ ഓഗസ്റ്റ് 20ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തട്ടിപ്പ് പുറത്തുവന്നതോടെ എറണാകുളം ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന രണ്ടാം പ്രതിയായ ശ്രുതി ഒളിവിൽ പോയി. തുടർന്ന് മുംബൈ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചില്ല. 57 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്താൻ മുംബൈ പോലീസ് കൊച്ചി സിറ്റി പോലീസിൻ്റെ സഹായം തേടുകയായിരുന്നു. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിബി ടോമിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാക്കനാട് നിലംപതിഞ്ഞമുകളിലെ സൊലാസ് വില്ലേജ് ആൽഫാ റെസിഡൻസിയിൽ യുവതി താമസിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് മുംബൈ മാഹിം പോലീസും കൊച്ചി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.

കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ട്രാൻസിറ്റ് വാറണ്ട് നേടിയശേഷം മുംബൈയിലേക്ക് കൊണ്ടുപോയി. തട്ടിപ്പിൽ പ്രതിയെ സഹായിച്ചവരെയും പണം കൈമാറാൻ സഹായിച്ചവരെയും കണ്ടെത്തി കേസിൽ ഉൾപ്പെടുത്തുമെന്ന് മുംബൈ പോലീസ് അറിയിച്ചു.

Related Posts