നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ (NANMA MCA) ആഭിമുഖ്യത്തിൽ വി.ബി.എച്ച്.സി അപ്പാർട്ട്മെന്റിൽ മലയാളം, കന്നഡ ഭാഷാ ക്ലാസുകൾക്ക് തുടക്കമായി. മലയാളം മിഷൻ, കേരള സർക്കാരിൻ്റെ കർണാടക ചാപ്റ്ററിൻ്റെ അംഗീകാരത്തോടെയുള്ള ആദ്യ മലയാളം ക്ലാസുകളുടെ ഉദ്ഘാടനം മലയാളം മിഷൻ കർണാടക ചാപ്റ്റർ കോർഡിനേറ്റിംഗ് സെക്രട്ടറി ജെയ്സൺ ലൂക്കോസ് നിർവഹിച്ചു.

മലയാളം ക്ലാസുകളുടെ ഉദ്ഘാടന സമ്മേളനത്തിൽ നന്മ എം.സി.എ ട്രഷറർ സതീഷ് എൻ സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് രാജീവ് പി. ഗിരിവാസൻ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ പ്രതിനിധി ജെയ്സൺ ലൂക്കോസിനെയും അധ്യാപികമാരെയും നന്മ എം.സി.എ വൈസ് പ്രസിഡണ്ട് ഹരികൃഷ്ണൻ ആദരിച്ചു. ജോയിന്റ് ട്രഷറർ ലൈജു നന്ദി പ്രകാശിപ്പിച്ചു.

കന്നഡ ഭാഷാ ക്ലാസുകളുടെ ഉദ്ഘാടനം VVAAOA വൈസ് പ്രസിഡണ്ട് നയാസ് ഖാൻ നിർവഹിച്ചു. നാനാ മോഹനൻ മുഖ്യാതിഥിയായിരുന്നു. കന്നഡ ക്ലാസുകളുടെ ഉദ്ഘാടന സമ്മേളനത്തിൽ നന്മ എം.സി.എ ജോയിന്റ് ട്രഷറർ രജീഷ് പാറമ്മൽ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡണ്ട് ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് രാജീവ് വിശിഷ്ടാതിഥികളെയും ഭാഷാ അധ്യാപകരെയും ആദരിച്ചു. ജോയിൻ്റ് ട്രഷറർ ലൈജു നന്ദി പ്രകാശിപ്പിച്ചു. കന്നഡ അധ്യാപകൻ ശ്രീകാന്ത് പൈ ഉൾപ്പെടെയുള്ളവർ ആശംസകൾ നേർന്നു.

ഇരു ഭാഷാ ക്ലാസുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളികളല്ലാത്ത നിരവധി കുട്ടികൾ മലയാളം പഠിക്കാൻ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത് ചടങ്ങിൻ്റെ പ്രത്യേകതയായി. ഭാഷകൾക്കും സംസ്കാരങ്ങൾക്കുമിടയിൽ പരസ്പര സ്നേഹവും സൗഹാർദ്ദവും വളർത്തുന്നതിൻ്റെ മികച്ച ഉദാഹരണമായി ഈ സംരംഭം മാറി. കുട്ടികളിൽ മാതൃഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രദേശവാസികൾക്ക് കന്നഡ ഭാഷയിൽ പ്രാവീണ്യം നേടാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നന്മ ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.

നന്മ എം.സി.എ സെക്രട്ടറി ദീപു ജയൻ എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ ദാസ്, ദിഗേഷ് എന്നിവരും അംഗങ്ങളായ അപർണ, സാനി, രജനി, അരുണിമ, അജോ, ജിജി, ദിവ്യ, വിദ്യ എന്നിവരും പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി. ഭാഷാ സൗഹാർദ്ദവും സാംസ്കാരിക ഐക്യവും ശക്തിപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Related Posts