മലപ്പുറം ദേശീയപാതയില്‍ വിള്ളല്‍. തിരൂരങ്ങാടി കൂരിയാട് ദേശീയപാതയില്‍ തലപ്പാറ ഭാഗത്താണ് റോഡില്‍ വിള്ളല്‍ കാണപ്പെട്ടത്. നിര്‍മാണം പൂര്‍ത്തിയായ പുതിയ ആറുവരി പാതയിലാണ് ചൊവ്വാഴ്ച രാവിലെ മീറ്ററുകളോളം നീളത്തില്‍ വിള്ളല്‍കണ്ടത്. ദേശീയപാതയില്‍ സംഭവത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. നിലവില്‍ വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴിയാണ് വഴിതിരിച്ചു വിടുന്നത്. ദേശീയപാതയുടെ ഒരുഭാഗം കഴിഞ്ഞദിവസം തകര്‍ന്നുവീണ കൂരിയാടിന് 4 കിലോമീറ്ററോളം അകലെയാണ് വിള്ളല്‍ കണ്ടെത്തിയ തലപ്പാറ പ്രദേശം.
ദേശീയപാത അധികൃതരും വിദഗ്ധരും തിരൂരങ്ങാടി പോലീസും സ്ഥലത്തെത്തി. ഇതുവഴിയുള്ള ഗതാഗതം പരിശോധന നടത്തുന്നതുവരെ താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. തിരൂരങ്ങാടി ഇന്‍സ്പെക്ടര്‍ ബി. പ്രദീപ്കുമാറിൻ്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. വയലിന് സമീപം ഉയര്‍ത്തി നിര്‍മ്മിച്ച റോഡിൻ്റെ അടിഭാഗത്തെ മണ്ണുനീങ്ങുന്നതാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. തിങ്കളാഴ്ച അപകടമുണ്ടായ കൂരിയാട്ടും സമാന അവസ്ഥയാണുണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു.