ഇന്നും ബംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഞായറാഴ്ച രാത്രി തുടങ്ങി തിങ്കളാഴ്ച പകൽ വരെ തുടർച്ചയായി പെയ്‌ത മഴയിൽ നഗരം വെള്ളക്കെട്ടിൽ മുങ്ങി. അഞ്ഞൂറോളം വീടുകളിൽ വെള്ളം കയറി. മഴയെ തുടർന്നുണ്ടായ അപകടത്തിൽ 3 പേർ മരിച്ചതായാണ് വിവരം. 20 ൽ അധികം പുഴകൾ മഴ മൂലം കരകവിഞ്ഞൊഴുകിയതും വെള്ളക്കെട്ടിന് ആക്കം കൂട്ടി. ഫ്ലെ ഓവറുകളിലും തെരുവുകളിലും അണ്ടർപാസുകളിലുമടക്കം വെള്ളക്കെട്ടായതോടെ ഗതാഗതം പൂർണമായി തടസപ്പെട്ടു.

നഗരത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം നഗരത്തിൽ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കർണാടകത്തിലെ മറ്റു പല പ്രദേശങ്ങളിലും യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. 8 സെൻ്റീമീറ്റർ മുതൽ 10 സെൻ്റീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചതെന്ന് ബംഗളൂരു കാലാവസ്ഥാ വകുപ്പിൻ്റെ ബംഗളൂരു സെൻ്റർ ഡയറക്ടർ എൻ പുവിയരസു പറഞ്ഞു. ബംഗളൂരുവിലെ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു

Related Posts