നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ 11.30ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഹോട്ടലിൻ്റെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു.

ഹോട്ടലിനോട് ചേർന്നുള്ള ചായക്കടയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. ഹോട്ടലിൽ ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ ഹോട്ടലിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി പുറത്തേക്ക് മാറ്റി.

അങ്കമാലിയിൽ നിന്നും ആലുവയിൽ നിന്നുമുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ നടത്തി. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ഹോട്ടലിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്.

സുരക്ഷയുടെ ഭാഗമായി സമീപത്തെ കടകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്കും രൂപപ്പെട്ടു. തീപിടിത്തത്തിൻ്റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ പരിശോധനകൾ തുടരുകയാണ്.

Related Posts