സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
സെപ്റ്റംബർ 25ന് കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. സെപ്റ്റംബർ 26 വരെ മഴ തുടരുമെന്നും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിൻ്റെ സ്വാധീനമാണ് മഴയ്ക്ക് പ്രധാന കാരണം. ഇതിൻ്റെ പശ്ചാത്തലത്തിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
വടക്കൻ തീരദേശ ആന്ധ്രപ്രദേശിനും സമീപ തെക്കൻ ഒഡിഷയ്ക്കും മുകളിലായി അതിതീവ്ര ന്യൂനമർദം തുടരുകയാണ്. ഇത് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി ഇന്ന് വൈകുന്നേരത്തോടെ ക്രമേണ ദുർബലമായി തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും തുടർന്ന് 24 മണിക്കൂറിനുള്ളിൽ കൂടുതൽ ദുർബലമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.