ബെംഗളൂരുവിൽ ‘ലൊക്കാൻ്റോ’ ആപ്പ് ഉപയോഗിച്ച് വ്യാജ പെൺവാണിഭ പരസ്യങ്ങൾ നൽകി ആളുകളെ ഹണിട്രാപ്പിൽ കുടുക്കി പണവും മൊബൈൽ ഫോണുകളും കവർന്നിരുന്ന 11 അംഗ സംഘത്തെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) വനിതാ സംരക്ഷണ വിഭാഗം അറസ്റ്റ് ചെയ്തു. എച്ച്ബിആർ ലേഔട്ട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘമാണ് പിടിയിലായത്.

വൈറ്റ്ഫീൽഡ് സ്വദേശിയായ യുവാവ് ജൂലൈ 16ന് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ലൊക്കാൻ്റോ ആപ്പിൽ കണ്ട പരസ്യത്തിലെ നമ്പറിൽ ബന്ധപ്പെട്ട യുവാവിന് പ്രതികൾ ലൈവ് ലൊക്കേഷൻ അയച്ച് എച്ച്ബിആർ ലേഔട്ടിലെ ഒരു സ്ഥലത്തേക്ക് എത്താൻ നിർദേശിച്ചു. സ്ഥലത്തെത്തിയപ്പോൾ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ട് സ്ത്രീകളെ കാണിച്ച് പണത്തെക്കുറിച്ച് സംസാരിച്ച സംഘം, തുടർന്ന് യുവാവിൻ്റെ പണവും മൊബൈൽ ഫോണും ബലമായി പിടിച്ചുപറിച്ച് രക്ഷപ്പെടുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി 11 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് രണ്ട് ഓട്ടോറിക്ഷകൾ, നാല് ഇരുചക്ര വാഹനങ്ങൾ, 13 മൊബൈൽ ഫോണുകൾ, കവർച്ച ചെയ്ത പണം എന്നിവയും പൊലീസ് പിടിച്ചെടുത്തു.

ചോദ്യം ചെയ്യലിൽ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സ്ത്രീകളെ ബെംഗളൂരുവിലെത്തിച്ച് താമസസൗകര്യം ഒരുക്കിയ ശേഷം അവരുടെ ചിത്രങ്ങൾ ലൊക്കാൻ്റോ ആപ്പിൽ അപ്‌ലോഡ് ചെയ്ത് ഉപഭോക്താക്കളെ വിജനമായ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി കവർച്ച നടത്തുകയായിരുന്നു പതിവെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Posts