ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരം കേരളത്തിലെ സർക്കാർ തിയറ്ററുകളിൽ തത്സമയം പ്രദർശിപ്പിക്കാൻ തീരുമാനം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കൈരളി തിയറ്ററുകളിലാണ് മത്സരം വലിയ സ്ക്രീനുകളിൽ പ്രദർശിപ്പിക്കുക.
സിനിമാ മന്ത്രി പി.സി. വിഷ്ണുനാഥിൻ്റെ നിർദേശപ്രകാരമാണ് തീരുമാനം. തിരുവനന്തപുരത്ത് കൈരളി, നിള തിയറ്ററുകളിലും കോഴിക്കോട് രണ്ട് സ്ക്രീനുകളിലുമായി ഫൈനൽ മത്സരം തത്സമയം പ്രദർശിപ്പിക്കും. കായികപ്രേമികളുടെ വ്യാപകമായ ആവശ്യത്തെ തുടർന്നാണ് സർക്കാർ ഈ സൗകര്യം ഒരുക്കിയത്.
അതേസമയം, ഫുട്ബോൾ ലോകകപ്പ് ഫൈനൽ പുലർച്ചെയാണ് നടക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർദേശം നൽകിയിട്ടുണ്ട്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും അവ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും സർക്കാർ വ്യക്തമാക്കി. ലോകകപ്പ് ഫൈനൽ ആവേശം ആസ്വദിക്കാൻ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ അവധി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർക്കാർ ഈ തീരുമാനം സ്വീകരിച്ചത്.