വീട്ടിൽനിന്ന് അനധികൃതമായി വൻതോതിൽ വിദേശമദ്യവും ഇന്ത്യൻ നിർമിത മദ്യവും പിടികൂടിയ കേസിൽ മാനന്തവാടി ജയിലിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ ഇന്ന് ബത്തേരി കോടതിയിൽ ഹാജരാക്കും. പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ആന്റോയെ കോടതിയിൽ എത്തിക്കുന്നത്. കേസിൽ എക്സൈസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹൈക്കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കും.
തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും വീട്ടിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ആന്റോ ജാമ്യാപേക്ഷ നൽകിയത്. വീട് തൻ്റെ പേരിലല്ലെന്നും കേസിൽപ്പെട്ട് കിടക്കുന്ന സ്വത്താണെന്നും കോടതി അറ്റാച്ച്മെന്റിൻ്റെ പരിഗണനയിലുള്ളതിനാൽ തൻ്റെ പേരിൽ കേസെടുക്കാനാകില്ലെന്നുമായിരുന്നു വാദം. എന്നാൽ ഏറ്റവും ഒടുവിൽ നികുതി അടച്ച രേഖകൾ പ്രകാരം വീട് ഇപ്പോഴും ആന്റോ അഗസ്റ്റിൻ്റെ പേരിലാണെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.
ആന്റോയുടെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 138 കുപ്പികളിലായി 67 ലിറ്റർ മദ്യം പിടിച്ചെടുത്തിരുന്നു. ഇതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നാണ് എക്സൈസ് കോടതിയെ അറിയിച്ചത്.