ശിശുക്കൾക്കായുള്ള പോഷകാഹാര ഉത്പന്നങ്ങളുടെ പരസ്യത്തിൽ നിയമലംഘനം നടത്തിയെന്ന പരാതിയിൽ പ്രമുഖ കമ്പനിയായ നെസ്‌ലെ ഇന്ത്യയ്‌ക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റി നടപടി സ്വീകരിച്ചു. മൂന്ന് പ്രധാന ശിശു പോഷകാഹാര ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പ്രത്യേക കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
‘നാൻ എക്സെല്ല പ്രോ സ്റ്റേജ് 1’, ‘ലാക്ടോജൻ പ്രോ 1’ എന്നീ ഉത്പന്നങ്ങളിൽ എളുപ്പത്തിൽ ദഹിക്കുന്ന ‘വേ പ്രോട്ടീൻ’, 5-HMO എന്നിവ അടങ്ങിയിട്ടുണ്ടെന്ന തരത്തിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നൽകിയ പരസ്യങ്ങളാണ് അധികൃതർ പരിശോധിച്ചത്. ഇൻഫന്റ് മിൽക്ക് സബ്സ്റ്റിറ്റ്യൂട്ട്സ് ആക്ട് പ്രകാരം ഇത്തരം ഉത്പന്നങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾക്ക് നിയന്ത്രണമുണ്ട്.
ഇതിനുപുറമെ, കുട്ടികൾക്കായുള്ള ഫോളോ-അപ്പ് ഫോർമുല ഉത്പന്നത്തിൽ നടത്തിയ ലബോറട്ടറി പരിശോധനയിൽ വിറ്റാമിൻ B7 (ബയോട്ടിൻ) നിശ്ചിത മാനദണ്ഡത്തേക്കാൾ കുറവാണെന്നും കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.
അതേസമയം, ആരോപണങ്ങൾ നെസ്‌ലെ ഇന്ത്യ നിഷേധിച്ചു. കമ്പനിയുടെ എല്ലാ ഉത്പന്നങ്ങളും ലേബലുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ വിദഗ്ധ സമിതി അംഗീകരിച്ചിട്ടുള്ളതാണെന്നും ലേബലുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും നെസ്‌ലെ വ്യക്തമാക്കി. വിഷയത്തിൽ അധികൃതർക്ക് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.