വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ ക്രൂര മര്‍ദനത്തിനിരയാക്കി ഒളിവില്‍ പോയ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ഇയാള്‍ പിടിയായതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ തുമ്പ പോലീസാണ് കസ്റ്റഡിയിലെടുത്തത്.
വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെയാണ് സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ മര്‍ദിച്ചത്. ബെയ്ലിന്‍ മോപ് സ്റ്റിക് കൊണ്ട് മര്‍ദിക്കുകയായിരുന്നു. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസില്‍ വെച്ചായിരുന്നു സംഭവം.
ബെയ്‌ലിൻ ദാസിനെ സംഭവത്തിൽ ബാർ അസോസിയേഷനിൽ നിന്ന് താത്കാലികമായി പുറത്താക്കിയിരുന്നു. ഇയാൾക്കെതിരേ മർദനമേറ്റ ജെ.വി. ശ്യാമിലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതോടെ തൊടെ ബെയ്‌ലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.
തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ഇത് പരിഗണിക്കാനിരിക്കെയാണ് ഇപ്പോൾ ബെയ്ലിൻ ദാസ് പിടിയിലായിരിക്കുന്നത്. ജൂനിയറായ പാറശാല കരുമാനൂർ കോട്ടവിള പുതുവൽ പുത്തൻവീട്ടിൽ ശ്യാമിലിയെ (26) മർദിച്ച ശേഷം ബെയ്‌ലിൻ ദാസ് വലിയതുറ കോസ്റ്റൽ സ്പെഷൽറ്റി ആശുപത്രിയിലെത്തി ചികിത്സ തേടിയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.
മുഖത്തു പരുക്കേറ്റെന്നാണ് ആശുപത്രിയിൽ അറിയിച്ചത്. ശ്യാമിലിക്കെതിരെ കൗണ്ടർ കേസെടുപ്പിക്കാനായിരുന്നു ഈ നീക്കമെന്നാണു പൊലീസ് കരുതുന്നത്.