ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതി വ്യാജമാണെന്ന് നടൻ കൃഷ്ണകുമാർ. 69 ലക്ഷം രൂപയാണ് 3 ജീവനക്കാർ തട്ടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള അന്വേഷണവും നേരിടാൻ തയാറാണ്. എല്ലാ തെളിവുകളും കൈവശമുണ്ട്. സംശയം തോന്നി വിവരങ്ങൾ അന്വേഷിച്ചതോടെ മൂന്ന് പേരും ജോലി രാജിവച്ച് പോയി. പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചപ്പോൾ മൂന്ന് പേരും ഫ്ലാറ്റിൽ എത്തി സംസാരിച്ചു. പണം എടുത്തതായും തിരികെ നൽകാമെന്നും ഇവർ സമ്മതിക്കുകയും ചെയ്തു. എട്ട് ലക്ഷത്തി എൺപത്തിരണ്ടായിരം രൂപ തിരികെ നൽകിയതായും കൃഷ്ണകുമാർ പറഞ്ഞു.
പോലീസിൽ പരാതി നൽകരുതെന്നും ബാക്കി പണം പിന്നീട് നൽകാമെന്നും ഇവർ പറഞ്ഞു. അങ്ങനെയൊരു ഒത്തുതീർപ്പ് ഉണ്ടാക്കുകയും ചെയ്തു. ജീവനക്കാരുമായി ഓഫീസിലിരുന്നായിരുന്നു ഇക്കാര്യങ്ങൾ സംസാരിച്ചത്. എന്നാൽ അന്ന് രാത്രി ജീവനക്കാരിൽ ഒരാൾ ദിയയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതോടെ കൻ്റോൺമെൻ്റ് പോലീസിൽ പരാതി നൽകി. ഈ പരാതിക്ക് പിന്നാലെയാണ് ജീവനക്കാർ കൗണ്ടർ കേസ് നൽകിയതെന്ന് കൃഷ്ണകുമാർ പറഞ്ഞു.
ജീവനക്കാരെ ഞങ്ങൾ കിഡ്നാപ്പ് ചെയ്ത് കൊണ്ടുപോയി, കെട്ടിയിട്ട് മർദിച്ച് പണം വാങ്ങി എന്നൊക്കെയാണ് പരാതി നൽകിയിരിക്കുന്നത്. പോലീസ് ഞങ്ങളെ വിളിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കുടുംബത്തിലെ 6 പേർക്കെതിരെ കേസെടുത്തു എന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചതെന്ന് കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിക്കുകയും മെയിൽ അയക്കുകയും ചെയ്തു. അവിടെ നിന്നും മറുപടി ലഭിച്ചു.
ഒരു ശതമാനം തെളിവ് പോലും അവരുടെ പക്കൽ ഇല്ല. ഒരു കൗണ്ടർ കേസ് വെച്ച് ഇങ്ങനെയൊരു നടപടിയുണ്ടാക്കുകയും ചെയ്തു. അവർ പെൺകുട്ടികൾ അല്ലേ എന്ന് കരുതി തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരിടത്ത് പോലും ഞങ്ങൾ പറഞ്ഞില്ല. ഇവർ കുറ്റം ചെയ്തതിൻ്റെയും ചെയ്യുന്നതിൻ്റെയും ഇലക്ട്രോണിക് വീഡിയോ ഞങ്ങളുടെ കൈവശമുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു.
ജീവനക്കാർ സ്ഥാപനത്തിലെത്തുന്ന കസ്റ്റമേഴ്സുമായി സംസാരിക്കുകയും ഇവിടുത്തെ ക്യൂ ആർ കോഡ് വർക്ക് ചെയ്യുന്നില്ലെന്നും പറഞ്ഞ് അവരുടെ ഫോൺ കാണിച്ച് അതിലേക്ക് ഇടപാട് നടത്തുകയായിരുന്നു. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ കൈവശമുണ്ട്. ഈ തെളിവുകളെല്ലാം പോലീസിന് കൈമാറിയെന്ന് കൃഷ്ണകുമാർ പറഞ്ഞു. ജീവനക്കാർ ഇവിടെ എത്തിയതും സംസാരിക്കുന്നതുമടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവിടാൻ തയാറാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ശക്തമായ നടപടിയുണ്ടാകും. ന്യായം നമ്മുടെ ഭാഗത്താണെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.