മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇസ്രായേൽ തെമ്മാടി രാഷ്ട്രമെന്ന പരാമർശത്തിനെതിരെ സാമൂഹിക മാധ്യമത്തിൽ അശ്ലീല പരാമർശവുമായി കോഴിക്കോട് സ്വദേശി. മുഖ്യമന്ത്രിക്കെതിരെ മോശമായ പരാമർശം നടത്തിയ ഇയാൾക്കെതിരെ റൂറൽ എസ്.പിക്ക് പരാതി നൽകുമെന്ന് സി.പി.എം അറിയിച്ചു. ‘ഷാലു ഷാലുഷാലൂസ്’ എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നാണ് കമൻ്റ് ഇട്ടിരിക്കുന്നത്.
ഇസ്രായേൽ ഇറാനെതിരെ നടത്തിയ ആക്രമണത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ഇസ്രായേൽ പണ്ടേ തെമ്മാടി രാഷ്ട്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. സാമാന്യമായ ഒരു മര്യദയും പാലിക്കാതെ പല നിലപാടുമായി മുന്നോട്ടു പോകുന്ന രാഷ്ട്രമാണ് ഇസ്രായേൽ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എല്ലാകാലത്തും യു.എസിന്റെ പിന്തുണയുള്ളതുകൊണ്ട് എന്തുമാവാം എന്ന ധിക്കാരപരമായ സമീപനമാണ് ഇസ്രായേൽ സ്വീകരിച്ചിട്ടുള്ളത്. ഇസ്രായേൽ ഇറാനിൽ നടത്തിയ ആക്രമണം ലോക സമാധാനത്തിന് തന്നെ ഭീഷണിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ അഭിപ്രായവുമായി ബന്ധപ്പെടുത്തിയാണ് കോഴിക്കോട് സ്വദേശി ഫേസ്ബുക്കിൽ അശ്ലീല പോസ്റ്റിട്ടത്.