കോട്ടയം ഗവ. നഴ്സിങ് കോളജ് റാഗിങ് സംഭവത്തിൽ നാല് വിദ്യാർഥികൾ കൂടി കോട്ടയം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. കോളജ് റാഗിങ് സംഭവത്തിൽ തെളിവ് ശേഖരണവും പൂർത്തിയായി.
പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്ന് കത്തിയും കരിങ്കൽ കഷ്ണങ്ങളും വിദ്യാർഥികളെ ഉപദ്രവിക്കാൻ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും പൊലീസ് കണ്ടെത്തി.
അതിനിടെ സംഭവത്തിൽ ആരോഗ്യ – വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടരുകയാണ്. ജോയന്റ് ഡി.എം.ഇയുടെ നേതൃത്വത്തിലുള്ള സംഘം കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചു.
പരാതിയിലുൾപ്പെട്ട അഞ്ചു വിദ്യാർഥികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പുറത്തു വന്ന പീഡന ദൃശ്യങ്ങളുടെ പരിശോധനക്ക് സൈബർസെല്ലിന്റെ സഹായം തേടും.
പ്രതികളുടെ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിമാൻഡിലുള്ള പ്രതികളെ തൽക്കാലം കസ്റ്റഡിയിൽ വാങ്ങേണ്ടെന്ന നിലപാടിലാണ് പൊലീസ്.